Lekhakan News Portal

ബൈബിൾ ഉദ്ധരിച്ച് പ്രത്യാശ പകരുന്ന വിശുദ്ധവാര സന്ദേശവുമായി മേഘാലയ മുഖ്യമന്ത്രി

0

ഷില്ലോംങ്: കോവിഡ് 19 ഉയർത്തുന്ന ഭീഷണികൾക്കിടെ ബൈബിൾ ഉദ്ധരിച്ച് പ്രത്യാശ പകരുന്ന വിശുദ്ധവാര സന്ദേശവുമായി വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയുടെ വീഡിയോ. ഇന്നലെ ഓശാന ഞായറാഴ്ചയാണ് സംസ്ഥാനത്തെ ക്രൈസ്തവർക്ക് വിശുദ്ധവാര സന്ദേശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ദൈവവിശ്വാസത്തിൽ അടിയുറയ്ക്കാനും ദൈവവചനത്തിൽ പ്രത്യാശവെക്കാനും ആഹ്വാനം ചെയ്യുന്ന രണ്ടര മിനിറ്റ് ദൈർഖ്യമുള്ള സന്ദേശമാണ് അദ്ദേഹം നൽകിയത്.

ഇന്ന് നാം വിശുദ്ധ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോൾ സർവശക്തനായ ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ച് നമുക്ക് ഓർമിക്കാം. കോവിഡ് 19 എന്ന ഏറ്റവും വലിയ വെല്ലുവിളി എങ്ങനെ നേരിടാമെന്ന് ഇന്ന് ലോകം ചിന്തിക്കുന്നു. ക്രൈസ്തവരെന്ന നിലയിൽ ദൈവ വചനത്തിൽ നമ്മുക്ക് വിശ്വാസമുണ്ട്. ദൈവത്തിനു ഒന്നും അസാധ്യമല്ലെന്ന് ബൈബിളിൽ നിരവധി തവണ പറയുന്നു. എല്ലാം ദൈവത്തിനു സാധ്യമാണെന്നു ബൈബിൾ ഓർമ്മപ്പെടുത്തുന്നു. യേശു ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. അസാധ്യമാണെന്നു പലരും കരുതിയ അത്ഭുതങ്ങൾ അവിടുന്ന് നിറവേറ്റി. ഈ വചനങ്ങൾ തെറ്റുപറ്റാത്ത ദൈവസ്‌നേഹത്തെക്കുറിച്ച് നമ്മെ ഓർമപ്പെടുത്തുകയും വിശ്വാസവും വിജ്ഞാനവും ധൈര്യവും ഇക്കാലയളവിൽ നമുക്കു പ്രദാനം ചെയ്യുകയും ചെയ്യട്ടെ.

വിശുദ്ധവാരം ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് വളരെ പ്രധാനപ്പെട്ട ആഴ്ചയാണ്. യേശുക്രിസ്തുവിന്റെ ജീവിതവും മരണവും ഉത്ഥാനവും സവിശേഷമായ രീതിയിൽ നാം ആഘോഷിക്കുന്ന സമയം. അവിടുത്തെ പ്രവൃത്തികൾ നാം ഓർക്കുകയും അവിടുത്തെ സന്ദേശങ്ങൾ ധ്യാനിക്കുകയും ഇന്നത്തെ ലോകത്ത് അവിടുത്തെ ശിഷ്യരായി ജീവിക്കാമെന്ന് പുനഃസമർപ്പണം നടത്തുകയും ചെയ്യേണ്ട സമയമാണ്. വിശുദ്ധവാരത്തിന്റെ എല്ലാവിധ നന്മയും ത്യാഗവും സന്തോഷവും സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും പ്രത്യേകിച്ച് ക്രൈസ്തവർക്കും ആശംസിച്ചുക്കൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. വീഡിയോയുടെ യൂട്യൂബ് ലിങ്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവും ലോക്‌സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ സാങ്മയുടെ മകനാണ് കൊൺറാഡ് സാങ്മ.

Leave A Reply

Your email address will not be published.