Lekhakan News Portal

വിധവയുടെ കാശും കപടഭക്തന്റെ കാഹളവും

0

നാം അറിയുന്നതിലും ഗുരുതരമായ ഒരു അവസ്ഥ ആണ് നമ്മുടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്നത്. പ്രവാസികളും അവരുടെ പ്രിയപ്പെട്ടവരും വളരെ പരിഭ്രാന്തിയിലാണ്. 2 ദിനവൃത്താന്തം 7:14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും.

ഈ പ്രതിസന്ധിയുടെ ആഘാതം താങ്ങാനാവാതെ മാനസികവും സാമ്പത്തികവുമായി തകർന്ന ധാരാളമാളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അവരെ കണ്ടെത്തി കൈത്താങ്ങൽ നൽകുവാൻ ധാരാളം സംഘടനകളും വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്. അത് തീർച്ചയായും പ്രശംസനീയമാണ്.

എന്നാൽ ഇക്കൂട്ടത്തിലും ചിലരെങ്കിലും പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം എന്തെങ്കിലും ചെയ്യുന്നവർ ആണെന്ന് പരക്കെ വിമർശനം ഉയരുന്നുണ്ട്. ചിലപ്പോഴെങ്കിലും എങ്കിലും അത് ശരിയാണെന്ന് നമുക്കും തോന്നിപ്പോകാറുണ്ട്. അതിന് ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ഒരു ഭിക്ഷക്കാരന് നാലു പേർ ചേർന്ന് 2 പഴം കൊടുക്കുന്ന സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം.

യേശുവിന്റെ കാലത്തും ഇത്തരക്കാർ ധാരാളം ഉണ്ടായിരുന്നു. അവരോടാണ് കർത്താവ് പറഞ്ഞത് : “ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”
(മത്തായി -6:2) ! എന്നാൽ ഇല്ലായ്മയിലും ഉള്ളത് നൽകുന്നവനെ ലോകം അറിഞ്ഞില്ലെങ്കിലും കർത്താവ് അറിയുന്നു.
ലൂക്കോസ് – 21:2 ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ:
21:3 “ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
21:4 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.

സമൃദ്ധിയിൽ നിന്നു കൊടുക്കുന്നത് ഒരു തെറ്റല്ല. എന്നാൽ തങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ അംശമോ, നിക്ഷേപത്തിന്റെ പലിശയോ കൊടുക്കുന്നത് കണ്ടിട്ട് അതിനെ പെരുപ്പിച്ച് നാം പരസ്യം നൽകുമ്പോൾ രണ്ടു കാശ് ഇട്ട വിധവമാരെ പലപ്പോഴും നാം കാണാതെ പോകുന്നു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി പണം സമാഹരിക്കുന്ന പല അവസരങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. 50000/- വരുമാനം വാങ്ങുന്ന പാസ്റ്റർ 1000/- പറയുമ്പോൾ, വെറും 3000/- വാങ്ങുന്നവരും 1000/- പറയുന്നത് കണ്ടിട്ടുണ്ട്.
അപ്പോൾ തന്നെ നാലു ലക്ഷം രൂപ സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് നൽകിയിട്ട് വാർഷിക കണക്ക് അവതരിപ്പിക്കുമ്പോൾ എൻറെ പേര് വെക്കരുത് എന്ന് കർശനമായി പറഞ്ഞ ആളുകളെയും ഞാൻ കണ്ടിട്ടുണ്ട്. ബഹുമാനത്തോടെ അവരെ ഓർക്കുന്നു.

മണ്ണിടിച്ചിലും, പ്രളയവും, മഹാവ്യാധിയും മൂലം
സാധാരണക്കാരുടെ ജീവിതം വഴിമുട്ടുമ്പോൾ തങ്ങളുടെ ഇല്ലായ്മ മറന്ന് ഉള്ളത് പകുത്തു കൊടുക്കുന്ന സാധാരണക്കാരിൽ സാധാരണക്കാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. സഹായ വിതരണങ്ങൾ ആഘോഷം ആകുമ്പോൾ പലപ്പോഴും അവരെ നാം ഓർക്കാറില്ല. രണ്ടു കാശ് ഇട്ട വിധവയെ ഓർത്ത കർത്താവ് അവരെയും അറിയട്ടെ, അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവർക്കായി ഇത് സമർപ്പിക്കുന്നു.
Pr Moncy George, കോന്നി

Leave A Reply

Your email address will not be published.