Lekhakan News Portal

തോൽവികൾ നേരിടുമ്പോൾ

0

മനുഷ്യൻ ഏറ്റവും കൂടുതൽ ഭയക്കുന്നതും ഒരിക്കലും ഇഷ്ട്ടപെടാത്തതുമായ ഒന്നാണ് തോൽവികൾ… എല്ലാവർക്കും ജയിക്കാൻ ആണ് ഇഷ്ട്ടം. അതിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് എല്ലാരും… ഇന്നിന്റെ തലമുറകൾ പരീക്ഷയിൽ ജയിക്കുവാനുള്ള നെട്ടോട്ടത്തിൻറെ ഇടയിൽ ജീവിതത്തെക്കുറിച്ചു ചിന്തിക്കാൻ കഴിയാതെ പോകുന്നു അങ്ങനെ പലരും ജീവിതത്തിൽ പരാജയപെട്ടുപോകുന്നു… വിജയത്തിൻറെ ചവിട്ടുപടികളിലൂടെ കയറിപോകുമ്പോഴും നാം വിസ്മരിച്ചു പോകുന്ന ഒന്നുണ്ട്. പരാജയപെട്ടവരെ.. നമുക്ക് ചുറ്റും ഒരുപാടുണ്ട്. അവരെ കാണുവാൻ നമ്മുടെ കണ്ണ് തുറക്കുന്നതാണ് നമ്മുടെ യഥാർത്ഥ വിജയം. കാരണം ഈ ലോകം തോറ്റവന്റെ കൂടെ ആണ്. ഒരിക്കൽ മഹാത്മാഗാന്ധിയോട്ഒരു കുട്ടി ചോദിച്ചു എന്താണ് “ജനാതിപത്യം”. ഗാന്ധി മറുപടി പറഞ്ഞു, “നിങ്ങൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത് ജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്ന് മാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്നുകൂടെ ഒരുക്കുന്നതാണ് ജനാതിപത്യം. അത് തന്നെയല്ല അതിനോട് ചേർത്ത് ഗാന്ധി ഓർമിപ്പിച്ചു, ഒറ്റക്ക് ഓടിയാൽ ആരും ജയിക്കില്ല എന്ന്. അതുകൊണ്ട് നമ്മുടെ വിജയങ്ങൾ ചിലരൊക്കെ പരാജയപ്പെടാൻ ഉണ്ടായിരുന്നത് കൊണ്ടന്നെന്നുള്ള ബോധ്യമാണ് ഒരുവനെ മനുഷ്യത്വമുള്ളവനാക്കുന്നത്. നമ്മുടെ വിജയത്തിന് പുറകിൽ പരാജിതരായിട്ടുള്ള ഒരുപ്പാട്‌ പേരുടെ അതൃശ്യമായ ഇടപെടിലുകൾ ഉണ്ടായിരുന്നു എന്ന് ഇടക്കെങ്കിലും ഓർമിക്കണം അപ്പോഴേ നമ്മുടെ വിജയം പൂർണ്ണമാകുകയുള്ളു. കാരണം ഇത് തോറ്റവന്റെ കൂടെ ലോകമാണ്.

സൈക്കോളജിയിൽ ഒരു പ്രധാനമായ വാക്കുണ്ട് “empathy ” തന്മയീഭാവശക്തി, “ഒരുവനെ അവന്റെ കണ്ണിലൂടെ കാണാൻ കഴിയുക.” നമുക്ക് മുൻപിൽ ഉള്ളവരെ അവരുടെ കണ്ണിലൂടെ കാണാൻ കഴിയുക.. അവിടെ തീരും നമ്മുടെ വാശികളും പിണക്കങ്ങളുമൊക്കെ. കളിപ്പാട്ടം നഷ്ട്ടപ്പെട്ട കുട്ടിക്കും രാജ്യം നഷ്ട്ടപെട്ട രാജാവിനും ഒരേ ദുഃഖമാണ്… നമ്മൾ ചോദിക്കും ഈ പൊട്ടിയ കളിപ്പാട്ടമോർത്താണോ നീ ഇങ്ങനെ കരയുന്നത്… ആ കുഞ്ഞിനെ ആ കുഞ്ഞിന്റെ കണ്ണിലൂടെ കാനാൻ കഴിയണം.. ഇരുപത് വയസായ ഒരു മകൾ തന്റെ മുടി കൊഴിഞ്ഞു പോകുക എന്ന് പറഞ്ഞാൽ അല്ലെങ്കിൽ മുഖത്തു ഒരു കറുത്ത പാട് വന്നു എന്ന് പറയുന്നത് അവളെ സംബന്ധിച്ചു വലിയ കാര്യമാണ്. ഒരുപക്ഷെ അമ്പതു വയസായ ഒരു അപ്പനോ അമ്മക്കോ അത് മനസിലാകണമെന്നില്ല . ഒരുപക്ഷെ അവർ ചോദിക്കും, ഇത്രയും ചെറിയ കാര്യത്തിനാണോ നീ കരയുന്നത്…?
എന്നാൽ ആ കുട്ടിയുടെ കണ്ണുകൊണ്ട് ആ കുട്ടിയെ ഒന്ന് കാണാൻ ശ്രമിച്ചാൽ, ഒന്ന് മനസിലാക്കാൻ ശ്രമിച്ചാൽ ആ ചോദ്യം ചോദിക്കില്ല..
വഴക്കുകൾക്കും, പിണക്കങ്ങൾക്കുമൊക്കെയുള്ള പരിഹാരം അതേയുള്ളു. അവരുടെ ഭാഗത്തുനിന്ന് ഒന്ന് ചിന്തിച്ചു നോക്കുക. അങ്ങനെ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ എത്ര വഴക്കുകൾ ഒഴിവായി പോയേനെ, എത്രബന്ധങ്ങൾ നിലനിന്നേനെ, എത്ര കണ്ണുകൾ നിറയാതിരുന്നേനെ. അവളുടെ, അല്ലെങ്കിൽ അവന്റെ ഭാഗത്തു ഞാനായിരുന്നെങ്കിൽ? അപ്പൊ നമുക്ക് അവരോട് സ്നേഹം തോന്നും. ചുറ്റുമുള്ളവർ നമ്മുടെ കൂടെപ്പിറപ്പുകൾ ആയി തോന്നും. മറ്റൊരാളുടെ കണ്ണ് നിറയുമ്പോൾ അറിയാതെ നമ്മുടെ കണ്ണുകളും നിറഞ്ഞുപോകും. അങ്ങനെയുള്ളവരെ ആണ് മനുഷ്യണ് എന്ന് വിളിക്കുന്നത്. ഒരിക്കൽ രമണ മഹർഷിയോട് തന്റെ ശിഷ്യൻ ചോദിച്ചു, നമ്മൾ അന്യന്മാരോട് എങ്ങനെയാണു പെരുമാറേണ്ടത്? അപ്പൊ ഗുരു പറഞ്ഞു:”There are no others ” “അന്യന്മാരായി ആരുമില്ല” ഈ മനുഷ്യത്വം ഉണ്ടെങ്കിൽ നമുക്ക് ചുറ്റുമുള്ളവർ അന്യന്മാരാകുകയില്ല, എല്ലാവരും അനിയന്മാരും ചേട്ടന്മാരുമാകും.
അങ്ങനെയുള്ളവരാണ് ഇന്നത്തെ മഹാവിപത്തായ കൊറോണയിൽ പോലും വീട്ടിൽപോലും പോകാതെ ആ രോഗികളെ പരിചരിക്കുന്നവർ,വെയിലും മഴയും കൊണ്ട് ജനങ്ങളെ ബോധവൽക്കരിക്കുന്ന പോലീസുകാർ, നിപ്പായെന്ന മഹാവ്യാധിക്കുമുന്നിൽ ജീവൻ നഷ്ട്ടപെട്ട ലിനി, പ്രളയകാലത്ത് എല്ലാവർക്കും വെള്ളത്തിലൂടെ ബോട്ടിലേക്ക് ചവിട്ടിക്കയറാൻ മുതുക് കാണിച്ചുകൊടുത്ത ജെയ്സൺ എന്ന ചെറുപ്പക്കാരൻ, വിൽക്കാൻ വെച്ചിരുന്ന വശരങ്ങൾ പ്രളയബാധിതർക്ക് ആവേശത്തോടെ എടുത്തുകൊടുത്ത നൗഷാദ്, സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ചിരുന്ന ചില്ലറത്തുട്ടുകൾപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത തമിഴ് നാട്ടുകാരിയായ അനുപ്രിയ, അച്ഛൻ കൊടുത്ത വസ്തുവിൽ നൂറുസെന്റ് പ്രളയബാധിതർക്കുവേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത കണ്ണൂരുള്ള സ്വാഹയും, ബ്രഹ്മയും .ഇവരൊക്കെ നമുക് അവരുടെ ജീവിതത്തിലൂടെ പറഞ്ഞു തന്നത് നമുക്ക് ചുറ്റും അന്യന്മാരായി ആരുമില്ലെന്നാണ്. അതുകൊണ്ടാണ് പറയുന്നത് കൂടെയുള്ള സഹോദരനെ കാണാൻ എങ്ങനെ ദൈവത്തെ കാണും? ബൈബിളിൽ ജോഹന്നാൻ എഴുതിയ സുവിശേഷത്തിൽ ഏറ്റവും ചിന്തനീയമായ ഒരു വിഷയമുണ്ട്… എല്ലാവരും കല്ലെറിയാൻ കൊണ്ടുവന്ന നിസ്സഹായയായ ഒരു സ്ത്രീ. ചുറ്റും ആക്രോശിക്കുന്ന ജനക്കൂട്ടം, നടുക്ക് തൊട്ടു നിൽക്കുന്ന ഈ സ്ത്രീ… ചുറ്റുമുള്ള വിജയിച്ചെന്നു സ്വയം വിചാരിക്കുന്നവർ പറയുന്ന വാക്കുകൾക്കൊന്നും ചെവികൊടുക്കാതെ ആ ജീവിതത്തിൽ തോറ്റ ആ സ്ത്രീയുടെ കൂടെ നിൽക്കുന്ന നാസറത്തിലെ യേശു എന്ന മുപ്പത്തിമൂന്നുകാരൻ. അയാൾക് അവളെ അവളുടെ കണ്ണിലൂടെ കാണാൻ കഴിയുമായിരുന്നു. ആ യേശു പറയുന്ന ഒരു ഉപമയുണ്ട് നൂറു ആടുകളുള്ള ഒരു ഇടയന്റെ കഥ. ഒരെണ്ണം നഷ്ട്ടപെട്ടുപോകുന്നു. ബാക്കിയുള്ള തൊണ്ണൂറ്റിയൊമ്പത് ആടുകളെയും വിട്ടേച്ചു ആ കാണാതെ പോയ ആടിനെ തേടി പോകുന്ന ഒരു നല്ല ഇടയൻ.. ആ ഇടയന് ആടിനെ നന്നായി മനസിലാകും. ബാക്കി തൊണ്ണൂറ്റിയൊമ്പത് ആടുകൾക്കും ആരൊക്കെയോ ഉണ്ട്. പരസ്പരം സ്നേഹിക്കാനും, വിഷമങ്ങൾ പങ്കുവെക്കാനും, ആശ്വസിപ്പിക്കാനും… എന്നാൽ ഈ ഒറ്റപെട്ടവനെ പരാജയപെട്ടവനെ ചേർത്ത് പിടിക്കാൻ, ആശ്വസിപ്പിക്കാൻ ആരുമില്ല എന്ന് അറിയാവുന്ന ഇടയനാണ് ആ ആടിനെ അന്വഷിച്ചു പോകുകയുള്ളൂ….
ആരെങ്കിലുമൊക്കെയുള്ളവരുടെകൂടെ അല്ല നാം നിക്കേണ്ടതെന്നു, ജീവിതത്തിൽ വിജയിച്ചവരുടെ കൂടെ അല്ല നില്കേണ്ടതെന്നു. പരാജയപെട്ടവൻറെ കൂടെ…

ഒരിക്കൽ രണ്ടുപേർ ഹിമയത്തിലേക്ക് യാത്രയായി… കൂറേ ദൂരം നടന്നു സന്ധ്യയായി. ചെറിയ വെട്ടത്തിൽ മുൻപോട്ടു പോകുകയാണ്. ഭയങ്കര തണുപ്പ്. അങ്ങനെ മുൻപോട്ടു പോകുമ്പോൾ എന്തോ നിലത്തു കിടക്കുന്നതു അവരുടെ ശ്രദ്ധയില്പെടുന്നു. അവർ ഇരുന്നു നോക്കി അവർക്കു മനസിലായി അതൊരു മനുഷ്യനാണ്. പർവത കീഴടക്കാനുള്ള നെട്ടോട്ടത്തിന്റെ ഇടയിൽ എപ്പോഴോ തളർന്നു വീണു പോയവൻ.. അതിലൊരുവൻ നിലത്തിരുന്നു ആ വീണുകിടന്നവന്റെ കൈ പയ്യെ തിരുമ്മികൊടുക്കാൻ തുടങ്ങുന്നു. കൂടെയുള്ളവർ പറഞ്ഞു, അതവിടെ ഉപേക്ഷിച്ചേക്കു നമുക് മുന്പോട്ടുപോകാം… എണ്ണം ആ മനുഷ്യൻ അതിനു തയ്യാറായിരുന്നില്ല. അയാൾ അവിടെ ഇരുന്നു ആ കൈ തിരുമ്മിക്കൊടുത്തുകൊണ്ടേയിരുന്നു… മറ്റെയാൾ പർവതം കീഴടക്കണം എന്ന ലക്ഷ്യത്തോടെ മുൻപോട്ട് ഓടിപോയി…ആ നിലത്തിരുന്നു ആ മനുഷ്യൻ വീണുകിടക്കുന്ന ആളിനെ തോളിൽ എടുത്തുകൊണ്ട് യാത്രയാകുന്നു. നടപ്പിൻറെ വേഗത കൂടുംതോറും അയാൾ ആ തണുപ്പിനെ അതിജീവിക്കാൻ തുടങ്ങി. ആ ശരീരം ചൂടാകുന്നു… തോളിൽ കിടന്നവൻ പയ്യെ ചലിക്കുന്നു… അയാൾക്ക് ജീവനുണ്ടായിരുന്നു… തണുപ്പിനെ അതിജീവിക്കാൻ കഴിയാതെ ആ പാവം വീണുപോയതാണ്. അയാൾക് ബോധം വന്നു… തന്നെ രക്ഷിച്ച ആ മനുഷ്യനോട് നന്ദി പറഞ്ഞുകൊണ്ട് അവർ രണ്ടുപേരും ഒരുമിച്ചു വീണ്ടും മുൻപോട്ട് പോകുന്നു… കുറെ ദൂരം ചെന്നപ്പോൾ അവർ കണ്ടു എന്തോ ഒന്ന് വഴിയിൽ കിടക്കുന്നു… അടുത്തുചെന്നു നോക്കിയപ്പോൾ മനസിലായി മുൻപേ ഓടിപ്പോയ ആ കൂട്ടുകാരൻ.. തൊട്ടു നോക്കിയപ്പോൾ ആ ശരീരം മരവിച്ചു പോയിരിക്കുന്നു. എപ്പോഴോ അയാൾ മരിച്ചുപോയിരുന്നു.

ചുറ്റുമുള്ളവരുടെ വേദന മനസിലാക്കാതെ . നമ്മളെങ്ങോട്ടാ ഈ ഓടുന്നത്? എന്തു നേടാൻ വേണ്ടിയാണ് ഈ നെട്ടോട്ടം. നമുക് ഓടാം, എത്താവുന്നത്ര ഉയരത്തിൽ എത്താം, പക്ഷെ അപ്പോഴും നാം ഓർക്കേണ്ടത് ഈ തോറ്റുപോയവരെക്കുറിച്ചാണ്. നമ്മളൊന്ന് വിജയിക്കുവാൻ വേണ്ടി തോറ്റു തന്നവരെക്കുറിച്ചു. അച്ഛനില്ലാത്തതുകൊണ്ട്, അമ്മക്ക് അസുഖമായതുകൊണ്ട്, വീടില്ലാത്തതുകൊണ്ട്, സാഹചര്യങ്ങളൊന്നുമില്ലാത്തതുകൊണ്ട് പഠിക്കാൻ കഴിയാതെ, പഠിക്കാൻ കഴിവുണ്ടായിട്ടും സാഹചര്യമില്ലാത്തതുകൊണ്ട് പേടിച്ചു മുന്നേറാൻ കഴിയാതെ വഴികളിലെവിടെയോ വീണു പോയവരെക്കുറിച്ചു ഒന്ന് ഓർക്കണം. അപ്പൊ തീരും നമ്മുടെ അഹങ്കാരമെല്ലാം. ഞാൻ ആരൊക്കെയോ, എന്തൊക്കെയോ ആണെന്നുള്ള ഭാവം. അപ്പൊ നമ്മൾ തിരിച്ചറിയും ശരിക്കും നമ്മൾ വിജയിക്കുകയല്ലായിരുന്നു പരാജയപെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന്. ഒരുപക്ഷെ കരിയറിൽ നമ്മൾ ജയിച്ചേക്കാം, പഠനത്തിൽ നമ്മൾ ജയിച്ചേക്കാം പക്ഷെ മനസാക്ഷിയുടെ മുൻപിൽ നമ്മൾ തോറ്റുപോയിരിക്കും… ചേർത്ത് പിടിക്കാൻ സാഹചര്യമുണ്ടായിരുന്നിട്ടും നമ്മൾ ഒന്ന് ചേർത്തുപിടിക്കാഞ്ഞതിന്റെ പേരിൽ തോറ്റുപോയവരെ കുറിച്ചോർക്കുമ്പോൾ. അങ്ങനെ മറ്റുള്ളവരെ മാന്യന്മാരായി കാണാതെ സ്വന്തമായി കാണുന്നവർക്ക് മാത്രമേ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയു. അവർക്കേ വിജയിക്കാൻ കഴിയു.
നമ്മൾ എത്ര ഹാപ്പി ആകുന്നുണ്ട് എന്നതിലല്ല കാര്യം, നമ്മൾ കാരണം മറ്റുള്ളവർ എത്ര ഹാപ്പി ആകുന്നുണ്ട് എന്നതിലാണ്. ജയിച്ചവൻറെ കൂടെ നൃത്തമാടുമ്പോഴല്ല, തോറ്റവൻറെ തോളില്പിടിക്കുമ്പോഴാണ് നമ്മൾ മനുഷ്യനാകുന്നത്. സക്കായിയുടെ അടുത്തേക്ക് ചെന്നിട്ട് ആ തച്ചനായ ചെറുപ്പക്കാരൻ പറയുന്നു, ഇന്ന് ഞാൻ നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു, ജീവിതത്തിൽ തോറ്റവന്റെ കൂടെ പാർക്കാൻ അവന്റെ തോളിൽ കൈയിടാൻ എന്നിട്ട് ആ മുഖത്തേക്ക് നോക്കി ഞാൻ ഉണ്ട് കൂടെ എന്ന് പറയാൻ നമുക് കഴിഞ്ഞാൽ , ശരിക്കും നമ്മൾ വിജയിച്ചയാളാണ്. നമ്മൾ കാരണം ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വരുന്നെങ്കിൽ.. അതാണ് ജീവിതവിജയം.

രണ്ടു സുഹൃത്തുക്കൾ, പട്ടാളത്തിലാണ്. പെട്ടെന്നൊരു യുദ്ധം സംഭവിക്കുന്നു, അതിൽ ഒരു സുഹൃത്ത് യുദ്ധത്തിനായി പോകുന്നു.. മൂന്നുനാലു ദിവസം ആയിട്ടും ആ മനുഷ്യൻ തിരിച്ചു വന്നില്ല. അയാൾ അതെന്റെ ബോസ്സിനോട് പറയുന്നു ഞാൻ ഒന്ന് പോയി നോക്കിയിട്ട് വെരാം. ബോസ് പറഞ്ഞു ” ഇത്രേയും ദിവസമായില്ലേ, അയാളെ കാത്തിരിക്കേണ്ട അയാൾ മരിച്ചു പോയിക്കാണും. പക്ഷെ ആ സുഹൃത്തിനു സമാധാനമില്ല, ആ ബോസ്സിനോട് പറഞ്ഞു ആ യുദ്ധസ്ഥലത്തേക്കു പോയി.. കുറെ സമയം കഴിഞ്ഞു അയാൾ മടങ്ങി വരുന്നു. തൻറെ തോളിൽ തന്റെ സുഹൃത്തിന്റെ ചേതനയറ്റ ശരീരവും ഉണ്ട്… ആ ബോസ്സിന്റെ അടുത്തെത്തിയപ്പോൾ ഒരു പുച്ഛത്തോടെ അയാൾ പറഞ്ഞു ഞാൻ അപ്പോഴേ പറഞ്ഞതല്ലേ പോകേണ്ട എന്ന്, മരിച്ചു കാണുമെന്നു, ഇപ്പോ എന്തായി? അതിനു മറുപടിയായി അയാൾ പറഞ്ഞു, സർ , ഞാൻ ചെല്ലുമ്പോൾ എന്റെ സുഹൃത് മരിച്ചിട്ടുണ്ടായിരുന്നില്ല, എന്നെ കണ്ടത് അവൻ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു എന്നുട്ട പറഞ്ഞു ” എനിക്കറിയാമായിരുന്നു നീ വരുമെന്ന്”

ആരെങ്കിലും അവരുടെ തകർച്ചയിൽ നമ്മെ നോക്കിയിട്ട് ” നീ വരുമെന്ന് എനിക്കറിയാമായിരുന്നു എന്ന് പറഞ്ഞാൽ … അതാണ് നമ്മുടെ ജീവിതത്തിലെ വിജയം… മറ്റുള്ളവർക് പ്രതീക്ഷയാകുക.

റൂബിൾ ജോസഫ്

Leave A Reply

Your email address will not be published.